ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനു പിന്നാലെ അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നടി ഹണി റോസ്. പേര് പരാമര്‍ശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാമെന്നും വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ഹണി റോസ് വ്യക്തമാക്കി.
നിയമനടപടിയെ പറ്റി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്.
ഇങ്ങനെ തന്നെ പോകാമെന്നുള്ളത് സ്വയമെടുത്ത തീരുമാനമാണ്. എനിക്ക് അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്, ഹണി റോസ് പറഞ്ഞു.