സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന അതിക്രമം മറ്റുള്ളവര്‍ നോക്കി നിന്നു. പ്രതിയെ തടയാനോ കുത്തേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് സംഭവം.യുവതി സഹപ്രവര്‍ത്തകനില്‍ നിന്ന് പലതവണ പണം കടം വാങ്ങിയിരുന്നു. പല കള്ളങ്ങളും പറഞ്ഞാണ് യുവതി പണം കടം വാങ്ങിയതെന്ന് മനസ്സിലാക്കിയതോടെ യുവാവ് പണം തിരികെ ആവശ്യപ്പെട്ടു.
യുവതി പണം തിരിച്ചു നല്‍കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡബ്ലൂ.എന്‍.എസ് എന്ന ബി.പിഒ കമ്പനിയിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കൃഷ്ണ കനോജ എന്ന മുപ്പതുകാരനാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇരുപത്തിയെട്ടുകാരിയായ ശുഭദ കൊടാരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
അച്ഛന് സുഖമില്ല എന്ന കാരണമാണ് ശുഭദ പണം വാങ്ങാനായി പലപ്പോഴും പറഞ്ഞിരുന്നത്. എന്നാലിത് നുണയാണെന്ന് പിന്നീട് മനസ്സിലായി. ശുഭദയുടെ അച്ഛന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സത്യാവസ്ഥ മനസ്സിലാക്കാനായി കൃഷ്ണ കനോജ ശുഭദയുടെ നാട്ടിലെത്തിയിരുന്നു. അച്ഛന് അസുഖമില്ല, പൂര്‍ണ ആരോഗ്യവാനാണെന്ന് കണ്ടതോടെ യുവതി തന്നെ പറ്റിക്കുകയായിരുന്നുവെന്ന് കനോജയ്ക്ക് ബോധ്യമായി. ഇതോടെ ഇയാള്‍ പണം തിരികെ ചോദിച്ചു.
ശുഭദ പണം തിരികെ തന്നതുമില്ല, ചോദിച്ചതിന് വഴക്കുമിട്ടു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച കനോജ ശുഭദയെ കമ്പനിയുടെ പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി. പണം തിരികെ വേണമെന്ന് പറഞ്ഞു. എന്നാല്‍ ശുഭദ അത് സമ്മതിച്ചില്ല. ഇത് വലിയ വഴക്കായി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ആയുധം കനോജ യുവതിക്കു നേരെ വീശി.
ഇതെല്ലാം കണ്ടുകൊണ്ട് പലരും പാര്‍ക്കിങ് ഏരിയയില്‍ നിന്നു. ചിലര്‍ അതിക്രമം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. എന്നാല്‍ ആരും പ്രതിയെ പിടിച്ചുമാറ്റാനോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ തയ്യാറായില്ലയുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞത്. ഇതിനു ശേഷമാണ് ആളുകള്‍ കനോജയെ പിടികൂടി പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
