മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്താനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 2024-25 വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരള ടീമിന് വേണ്ടി പങ്കെടുക്കാതിരുന്നതിനെ കുറിച്ചാണ് ബിസിസിഐ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിജയ് ഹസാരെയില്‍ സഞ്ജു എന്തുകൊണ്ട് കളിച്ചില്ലെന്ന് അന്വേഷിക്കാന്‍ ബിസിസിഐ യോഗം ചേരുന്നുവെന്നാണ് സൂചന.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇക്കാര്യം അദ്ദേഹം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സഞ്ജുവിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്.ഇന്ത്യന്‍ ടീമംഗങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിയമം കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റിലെ കേരളത്തിന്റെ ഒരു മത്സരത്തിലും സഞ്ജു ഇടം പിടിക്കാത്തതില്‍ ബിസിസിഐ സന്തുഷ്ടരല്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള അവസരവുമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. അതേസമയം എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നും വ്യക്തമല്ല.ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടര്‍മാരും ബിസിസിഐയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അനുമതിയില്ലാതെ ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. സാംസണിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് ഉണ്ടായത്. ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നതിന് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും സഞ്ജു ഇതുവരെ ഒരു കാരണവും നല്‍കിയിട്ടില്ല. അദ്ദേഹം തന്റെ കൂടുതല്‍ സമയവും ദുബായിലാണ് ചെലവഴിക്കുന്നതെന്നാണ് അറിയാന്‍ സാധിച്ചത്.
ആ സമയം അദ്ദേഹം എന്തുചെയ്യുകയായിരുന്നുവെന്ന് അന്വേഷിക്കും’,സെലക്ടര്‍മാര്‍ക്ക് വ്യക്തവും കൃത്യവുമായ കാരണം വേണം. അല്ലാത്തപക്ഷം ഏകദിന സീസണിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കെസിഎയുമായി നല്ല ബന്ധമല്ല സഞ്ജു പുലര്‍ത്തുന്നത്.
പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ അത് പരിഹരിക്കേണ്ടതുണ്ട്. സംസ്ഥാന അസോസിയേഷനും അദ്ദേഹവും തമ്മിലുള്ള തെറ്റിദ്ധാരണ കാരണം മത്സരത്തിന്റെ സമയം നഷ്ടമാകാന്‍ കഴിയില്ല. അതേസമയം വിജയ് ഹസാരെ ട്രോഫിക്ക് മുമ്പുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം കളിച്ചിട്ടുമുണ്ട്’, ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.