ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സെലക്ടർമാർ ഉൾപ്പെടുത്തില്ലെന്ന് മുൻ താരം ഹർഭജൻ സിങ്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ സ്ഥാനത്തെ കുറിച്ചാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിനെ ടീമിലുൾപ്പെടുത്തണമെന്ന് മുൻ താരങ്ങളടക്കം പിന്തുണക്കുന്നുണ്ടെങ്കിലും ബിസിസിഐ വലിയ പ്രതീക്ഷ നൽകുന്നില്ല
. മികച്ച ഫോമിലുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാത്തത് സഞ്ജുവിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സഞ്ജു കളത്തിലിറങ്ങിയിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണമെന്ന നിയമം സീനിയര്‍ താരങ്ങള്‍ക്ക് വരെ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വിജയ് ഹസാരെയില്‍ കേരള ടീമിൽ നിന്ന് വിട്ടുനിന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സഞ്ജുവിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്.
വിജയ് ഹസാരെയിൽ കളിക്കാത്തതു സംബന്ധിച്ച് സഞ്ജുവിനെതിരെ ബിസിസിഐ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.ഇതിനെ പറ്റി സംസാരിക്കുകയായിരുന്നു ഹർഭജൻ. ‘സഞ്ജുവിന് അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്നം വ്യത്യസ്തമാണെന്ന് കാണാം.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടില്ല എന്നതാണ് സഞ്ജുവിന്റെ പ്രശ്നമായി പറയുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി നടന്ന എന്തോ സംഭവമാണത്. എനിക്ക് അതിനെ പറ്റി കൂടുതലറിയില്ല. അതിനാല്‍ തന്നെ സഞ്ജുവിനെ ടീമിലേക്ക് എടുക്കാനുള്ള സാധ്യത കുറവാണ്’, ഹര്‍ഭജന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.എന്താണ് സംഭവിച്ചതെന്ന് ശരിക്കും അന്വേഷിക്കേണ്ടതുണ്ട്.
വിജയ് ഹസാരെയിൽ കളിക്കാതിരിക്കാനുള്ള തീരുമാനം സഞ്ജു സ്വയം എടുത്തതായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് സംഭവിച്ചതാണോ എന്ന് അന്വേഷിക്കണം. ഇതെല്ലാം പരിഗണിച്ചാകണം തീരുമാനം’ ഹർഭജൻ കൂട്ടിച്ചേർത്തു.