വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിൻ്റെ രണ്ടാമൂഴത്തെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ലോകരാഷ്ട്രീയത്തിൽ നിർണായകമായിരിക്കും ട്രംപിൻ്റെ ഭരണകാലയളവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചവരും ക്ഷണിക്കപ്പെടാതെ പോയതുമായ ലോക നേതാക്കളുടെ പട്ടികയും ശ്രദ്ധേയമാണ്.

ജർമ്മിനി, ബ്രിട്ടൻ, ഫ്രാൻസ് സ്പെയ്ൻ, ബ്രസീൽ പോർച്ചു​ഗൽ എന്നിവിടങ്ങളിൽ നിന്ന് ഭരണാധികാരികളായ രാഷ്ട്രീയ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമില്ലെങ്കിലുംഇവിടങ്ങളിൽ നിന്നുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങാണ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട ഏറ്റവും പ്രമുഖനായ നേതാവ്. അമേരിക്ക-ചൈന വ്യാപാര മത്സരത്തിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻ​ഗണന നൽകുമെന്നും ചൈനയെ പ്രധാനപ്പെട്ട വ്യാപാര ശത്രുവെന്ന നിലയിൽ തന്നെ പരി​ഗണിക്കുമെന്നും അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപ് പറയാതെ പറഞ്ഞിട്ടുണ്ട്.

ചൈനയ്ക്ക് മേൽ വ്യാപാരതീരുവ ചുമത്തും എന്നതടക്കമുള്ള താക്കീതുകളും ട്രംപിൻ്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ ചൈനയുമായി ആശയവിനിമയത്തിൻ്റെ ഒരു വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഷി ജിൻപിങ്ങിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതിലൂടെ ട്രംപ്നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സത്യാപ്രതിജ്ഞാ ചടങ്ങിൽ ഷി ജിൻപിങ്ങ് പങ്കെടുക്കുന്നില്ലെങ്കിലും ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ് പങ്കെടുക്കും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന നേതാവ്.

ട്രംപിൻ്റെ ആദ്യ ടേമിൽ മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു നരേന്ദ്ര മോദി. ക്ഷണം ലഭിച്ചെങ്കിലും ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയ്ക്കായി പങ്കെടുക്കുക.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന നേതാവ്. തീവ്ര വലതുപക്ഷ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവ് മെലോണി ട്രംപിൻ്റെ അടുത്ത സുഹൃത്ത് ഇലോൺ മസ്കിൻ്റെ സുഹൃത്താണ്. ഷെഡ്യൂൾ അനുവദിക്കുകയാണെങ്കിൽ ജോ‍ർജിയ മെലോണി സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അവരുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനാണ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട മറ്റൊരു പ്രമുഖനായ നേതാവ്.

ഓർബൻ ട്രംപിൻ്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന നേതാവാണ്. യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം നിയുക്ത പ്രസിഡൻ്റ് അവസാനിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നതായിഅർജൻ്റീനയുടെ പ്രസിഡൻ്റ് ഹാവിയർ മിലിയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന ലോകനേതാവ്. മിലി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. “

അർജൻ്റീനയെ വീണ്ടും മികച്ചതാക്കാൻ” കഴിയുന്ന ഒരു മനുഷ്യനാണ് ഹാവിയ‌ർ മിലിയെന്ന് തീവ്ര വലതുപക്ഷ നേതാവിനെ ട്രംപ് ഒരിക്കൽ പ്രശംസിക്കുകയും ചെയ്തിരുന്നു. ലാറ്റിനമേരിക്കയിൽ ട്രംപിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും ഹാവിയർ മിലിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവയാണ് ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാനനേതാവ്. ട്രംപിൻ്റെ വിജയം ലാറ്റിനമേരിക്കയുടെ വിജയമാണെന്ന് നോബോവ നേരത്തെ പ്രശംസിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി ഡാനിയൽ നൊബോവ വാഷിം​ഗ്ടണിലേയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണം ലഭിക്കാത്തവരിൽ പ്രമുഖൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ‍ർ സ്റ്റാമറാണ്. കെയർ സ്റ്റാർമറിനെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു എന്നാൽ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും റിഫോം യുകെ പാർട്ടിയുടെ നേതാവുമായ നൈജൽ ഫാരാജിനെ ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *