കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തേടി തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ. ടീമിൽ സ്ഥാനം നൽകാമെന്ന് ഇരു സംസ്ഥാനങ്ങളുടെയും ബോർഡുകൾ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സഞ്ജു സാംസണിന്റെ തീരുമാനമാണ് ഇനി നിർണായകമാകുക.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാതിരുന്നതോടെയാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോ കാരണമെന്ന പ്രതികരണവുമായി ശശി തരൂർ എം പിയാണ് ആദ്യം രംഗത്തെത്തിയത്.
പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാംപിൽ സഞ്ജു പങ്കെടുത്തില്ലെന്നും ഇതിന് വ്യക്തമായ കാരണം പറഞ്ഞില്ലെന്നും ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.താൻ വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പങ്കെടുക്കില്ല എന്ന ഒറ്റവരി സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്.
തോന്നുംപോലെ വന്ന് കളിക്കാൻ കഴിയില്ലെന്നും കെ സി എ നിലപാട് കടുപ്പിച്ചു. ഇക്കാര്യത്തിൽ ക്യാമ്പില്‍ പങ്കെടുക്കാനാകില്ലെന്നും എന്നാല്‍ കേരളത്തിനൊപ്പം കളിക്കാമെന്നുമായിരുന്നു സഞ്ജുവിന്റെ നിലപാട്.