അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു.
വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്‍റെ നട്ടെല്ലൊടിച്ചത്.
ആയുഷി ശുക്ല രണ്ട് വിക്കറ്റെടുത്തു. 45 റണ്‍സെടുത്ത ഡാവിന പെറിന്‍, 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ അബി നോര്‍ഗോവെ എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്. പുറത്താകാതെ 14 റണ്‍സ് നേടിയ അമു സുരന്‍കുമാറാണ് രണ്ടക്കം കടന്ന മറ്റൊരു ഇംഗ്ലണ്ട് താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപണര്‍മാരായ കമാലിനിയും തൃഷയും ചേര്‍ന്ന് നല്‍കിയത്. ഓപണിങ് വിക്കറ്റില്‍ ഒൻപത് ഓവറില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാൻ കമാലിനി-തൃഷ സഖ്യത്തിന് സാധിച്ചു. തൃഷ 29 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. 50 പന്തില്‍ 56 റണ്‍സുമായി കമാലിനിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
സനിക 11 റണ്‍സുമായി പുറത്താകാതെ നിന്നു.ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും തോല്‍വിയറിയാതെയാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും കലാശപ്പോരിന് എത്തുന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി രണ്ടിന് നടക്കും.