തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ബിഹാറിനെ വെറും 64 റണ്‍സിന് പുറത്താക്കി കേരളം. 287 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ കേരളം ഇതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ഫോളോഓണ്‍ ചെയ്യുന്ന ബിഹാറിന് രണ്ടാം ഇന്നിങ്‌സിലും മോശം തുടക്കമാണ്.

39 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. മംഗള്‍ മഹ്‌രോര്‍ (5), ആയുഷ് ലോഹറുര്‍ക്ക (9) എന്നിവരാണ് പുറത്തായത്.നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ കേരളം 351 റണ്‍സെടുത്തിരുന്നു. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലെത്തച്ചത്. 236 പന്തുകള്‍ നേരിട്ട സല്‍മാന്‍ രണ്ടു സിക്‌സും 15 ഫോറുമടക്കം 150 റണ്‍സെടുത്തു.

59 റണ്‍സെടുത്ത ഷോണ്‍ റോജറും 38 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും 30 റണ്‍സെടുത്ത നിധീഷും കേരളത്തിനായി തിളങ്ങിമത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ കേരളത്തിന് രഞ്ജിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എലൈറ്റ് ഗ്രൂപ്പ് സി-യില്‍ ആറു കളികളില്‍ രണ്ടു ജയവും നാലുസമനിലയുമുള്ള കേരളം 21 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. മൂന്നുജയവും മൂന്നു സമനിലകളുമായി 26 പോയിന്റുള്ള ഹരിയാണയാണ് ഒന്നാംസ്ഥാനത്ത്.

19 പോയിന്റുമായി കര്‍ണാടക മൂന്നാംസ്ഥാനത്തുണ്ട്. ബിഹാറിനെതിരേ ജയിച്ചാല്‍ കേരളത്തിന് 27 പോയിന്റാകും. അങ്ങനെവന്നാല്‍ ഹരിയാണയ്‌ക്കെതിരേ ഇന്നിങ്സിന് ജയിച്ചാലും കര്‍ണാടകത്തിന് പോയിന്റുനിലയില്‍ കേരളത്തെ മറികടക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *