മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുടനീളം പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. അഞ്ച് ഇന്നിംഗ്‌സില്‍ 51 റണ്‍സ് മാത്രം നേടിയ സഞ്ജു, മൂന്ന് തവണ രണ്ടടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് തുടര്‍ സെഞ്ച്വറികളിലൂടെ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു സഞ്ജു സാംസണ്‍. കൊല്‍ക്കത്തയിലെ തുടക്കം കണ്ടപ്പോള്‍ സഞ്ജു ഇംഗ്ലണ്ടിനെതിരേയും തകര്‍ത്തടിക്കുമെന്ന് തോന്നിച്ചുഎന്നാല്‍ സഞ്ജുവിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് കൃത്യമായ കെണിയുണ്ടായിരുന്നു.

ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളില്‍ 26 റണ്‍സെടുത്ത് മടക്കം. തുടര്‍ന്നുള്ള മൂന്ന് ഇന്നിംഗ്‌സിലും സഞ്ജു രണ്ടടക്കം കണ്ടില്ല. 5, 3, 1. ഇംഗ്ലീഷ് പേസര്‍മാരുടെ ഷോര്‍ട്ട് ബോള്‍ കെണി അതിജീവിക്കാതെ സഞ്ജു മടങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. മുംബൈയിലെ ഇന്നിംഗ്‌സ് സഞ്ജുവിന് നിര്‍ണായകമായിരുന്നു.

ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ 16 റണ്‍സ് നേടിയപ്പോള്‍പ്രതീക്ഷ. പക്ഷേ, മാര്‍ക്‌വുഡിന്റെ ആദ്യപന്തില്‍ സഞ്ജുവിന് പിഴച്ചു. വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍, സഞ്ജു കെണിയില്‍ വീണു.പിന്നാലെയാണ് മലയാളി താരത്തെ പിന്തുണച്ച് ഗംഭീര്‍ രംഗത്ത് വന്നത്. കളിക്കാര്‍ മോശം ഫോമിലൂടെ കടന്നു പോകുന്ന സമയം വരുമെന്നും മാനേജ്‌മെന്റ് അവരെ പിന്തുണക്കേണ്ടതുണ്ടെന്നും ഗംഭീര്‍ മത്സരശേഷം പ്രതികരിച്ചു. നിര്‍ഭയരായി ക്രിക്കറ്റ് കളിക്കാന്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമെന്നും ഗംഭീര്‍ പറയുന്നു.

അഭിഷേക് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സിനെ പരമാര്‍ശിച്ചു കൊണ്ടാണ് ഗംഭീര്‍ ഇക്കാര്യം സൂചിപ്പിച്ചതെങ്കിലും സഞ്ജുവിനടക്കമുള്ള പിന്തുണയാണ് ഇതെന്നാണ് ആരാധക പക്ഷം.ടീമില്‍ സ്ഥാനമുറപ്പിച്ച് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയ സഞ്ജു പരന്പര അവസാനിക്കുന്‌പോള്‍ മടങ്ങുന്നത് ഭാവി തുലാസിലാക്കി.

യശസ്വീ ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവര്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തേണ്ടിവരും. ഐപിഎല്ലിന് മുന്‍പ് ഇന്ത്യക്ക് ട്വന്റി 20 മത്സരങ്ങളില്ലെന്നതും സഞ്ജുവിന് ആശ്വാസം.”

Leave a Reply

Your email address will not be published. Required fields are marked *