മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ് സവിശേഷ പട്ടികയില്‍. അഞ്ച് ഇന്നിംഗ്സില്‍ 51 റണ്‍സ് മാത്രം നേടിയ സഞ്ജു, മൂന്ന് തവണ രണ്ടടക്കം കാണാതെ പുറത്തായി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് തുടര്‍ സെഞ്ചുറികളിലൂടെ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു സഞ്ജു സാംസണ്. കൊല്‍ക്കത്തയിലെ തുടക്കം കണ്ടപ്പോള്‍ സഞ്ജു ഇംഗ്ലണ്ടിനെതിരേയും തകര്‍ത്തടിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ സഞ്ജുവിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് കൃത്യമായ കെണിയുണ്ടായിരുന്നു. കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളില്‍ 26 റണ്‍സെടുത്ത് മടക്കം. തുടര്‍ന്നുള്ള മൂന്ന് ഇന്നിംഗ്സിലും സഞ്ജു രണ്ടടക്കം കണ്ടില്ല.
5, 3, 1. ഇംഗ്ലീഷ് പേസര്‍മാരുടെ ഷോര്‍ട്ട് ബോള്‍ കെണി അതിജീവിക്കാതെ സഞ്ജു മടങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. മുംബൈയില്‍ ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ 16 റണ്‍സാണ് സഞ്ജു നേടിയത്.
ആര്‍ച്ചര്‍ക്കെതിരെ ആദ്യ പന്തില്‍ തന്നെ സഞ്ജു സിക്സ് നേടിയിരുന്നു.ഇതോടെ ഒരു എലൈറ്റ് ലിസ്റ്റിലും സഞ്ജു ഇടം പിടിച്ചു. ഇന്ത്യക്ക് വേണ്ടി ടി20യില്‍ ആദ്യ പന്തില്‍ സിക്സ് നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് സഞ്ജു. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ മാത്രമാണ് പട്ടികയിലുള്ള മറ്റുതാരങ്ങള്‍.
2021ല്‍ ഇംഗ്ലണ്ടിന്റെ തന്നെ ആദില്‍ റഷീദിനെതിരെയാണ് രോഹിത് സിക്സ് നേടിയത്. കഴിഞ്ഞ വര്‍ഷം യശസ്വി ജയ്സ്വാള്‍ സിംബാബ്വെയുടെ സികന്ദര്‍ റാസയ്ക്കെതിരെയും ആദ്യ പന്തില്‍ സിക്സ് നേടി. ഇപ്പോള്‍ സഞ്ജു സാംസണും. ടി20യില്‍ ഒരു പേസര്‍ക്കെതിരെ ആദ്യ പന്ത് സിക്സ് പായിക്കുന്ന ഇന്ത്യന്‍ താരംസഞ്ജുവാണെന്ന് പറയാം.
150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.”