നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് ശേഷം ഏകദിന പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച നാഗ്പൂരില്‍ തുടക്കമാവും. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യയുടെ ടി20 ടീം ഇംഗ്ലണ്ടിനെതിരെ 4-1ന് ആധികാരിക വിജയം നേടിയിരുന്നു.
എന്നാല്‍ ടി20 കളിച്ച ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. സൂര്യയും സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. രോഹിത് ശര്‍മ നയിക്കുന്ന ഇതേ ടീം ചാംപ്യന്‍സ് ട്രോഫിയും കളിക്കും. അതിലേക്ക് ഹര്‍ഷിത് റാണയ്ക്ക് പകരം ജസ്പ്രിത് ബുമ്രയും ചേരുമെന്ന് മാത്രം.
ടി20 കളിച്ച ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് ഏകദിന ടീമില്‍ ഉള്‍പ്പെട്ടത്ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്ലേയിംഗ് ഇലവന്‍ ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് കണ്ടെത്തേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലുണ്ടാവും. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുള്ള പ്ലേയിംഗ് ഇലവന്‍ നോക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായെത്തുമെന്ന് ഉറപ്പാണ്.
അദ്ദേത്തിനൊപ്പം ശുഭ്മന്‍ ഗില്ലോ അതോ യശസ്വി ജയ്‌സ്വാളോ എന്നുള്ളതാണ് പ്രധാന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ഗില്ലിനാണ് സാധ്യത. വൈസ് ക്യാപ്റ്റനും ഗില്‍ തന്നെയാണ്. ജയ്‌സ്വാളിനെ ബാക്ക് അപ്പ് ഓപ്പണറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഗില്ലിന് പരിക്കേറ്റാല്‍ മാത്രം ജയ്‌സ്വാള്‍ അവസരം പ്രതീക്ഷിച്ചാല്‍ മതി.”