നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ നാഗ്പൂരില്‍ തുടക്കമാവും. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്.
19ന് ആരംഭിക്കുന്ന ചാമ്പ്യൻ ട്രോഫിക്ക് മുമ്പ് ഇന്ത്യക്കും ഇംഗ്ലണ്ടിനും മുന്നൊരുക്കത്തിനുള്ള അവസരമാണ് ഏകദിന പരമ്പര.ടി20 പരമ്പര കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നതെങ്കില്‍ ടി20 ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ക്യാപ്റ്റനായി രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ടി20 ടീമില്‍ ഇല്ലാതിരുന്ന വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ ശുഭ്മാന്‍ ഗില്‍ എന്നിവരടങ്ങിയതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.
ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ജോ റൂട്ട് തിരിച്ചെത്തുന്നുവെന്നതാണ് പ്രധാന മാറ്റംചാമ്പ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇരു ടീമുകള്‍ക്കും പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ടി20 പരമ്പരയില് തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ ഏകദിന പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്ര പരമ്പരയില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. പേസര്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്നെസും ഏകദിന പരമ്പരയില്‍ പരീക്ഷിക്കപ്പെടുമെന്നുറപ്പാണ്.ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലും തന്നെയാകും ഓപ്പണര്‍മാര്‍.
മൂന്നാം നമ്പറില്‍ കോലും നാലാമനായി ശ്രേയസും ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ തന്നെയാകും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ഫിനിഷറായി ഹാര്‍ദ്ദിക് പാണ്ഡ്യയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേൽ ടീമിലെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും കളിക്കും.
പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും മുഹമ്മദ് ഷമിയുമാവും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ഷമിയുടെ ഫിറ്റ്നെസില്‍ ആശങ്കയുണ്ടെങ്കില്‍ മാത്രം ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്.