കാലിഫോര്‍ണിയ: വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറ 2025-ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. പാൻഡോറ ദൗത്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടന, ഊര്‍ജം, അവശ്യ സംവിധാനങ്ങൾ എന്നിവ നൽകുന്ന സ്പേസ് ക്രാഫ്റ്റ് ബസിന്റെ നിർമ്മാണം പൂർത്തിയായി.
ഇതോടെ പാൻഡോറ വിക്ഷേപണത്തിലേക്ക് ഒരുപടി കൂടി നാസ അടുത്തു.ഏറ്റവും പുതിയ എക്സോപ്ലാനറ്റ് (സൗരയൂഥേതരഗ്രഹം) ദൗത്യമായ പാൻഡോറ വിക്ഷേപണത്തിലേക്ക് ഒരുപടി കൂടി അടുത്തതായി നാസ പ്രഖ്യാപിച്ചു. പാൻഡോറ വിക്ഷേപണം അടുത്തെന്നും ബഹിരാകാശ പേടകത്തിന്റെ തലച്ചോറുകൾ ഉൾക്കൊള്ളുന്ന സ്പേസ് ക്രാഫ്റ്റ് ബസ് പൂർത്തിയാക്കുക എന്നത് ഒരു വലിയ നേട്ടമാണെന്നും നാസ വ്യക്തമാക്കി.
വിദൂര ലോകങ്ങളെയും അവയുടെ അന്തരീക്ഷത്തിന്റെ ഘടനയെയും കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ പാൻഡോറ സഹായിക്കും.സൂചകങ്ങളായ മേഘങ്ങൾ, മൂടൽമഞ്ഞ്, വെള്ളം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദൂര ഗ്രഹങ്ങളുടെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിൽ പാൻഡോറ ഒരു പ്രധാന പങ്ക് വഹിക്കും എന്നാണ് നാസയുടെ പ്രതീക്ഷ.”
ബസ് ഞങ്ങൾക്ക് ഒരു വലിയൊരു നാഴികക്കല്ലാണ്, ശരത്കാലത്ത് പാന്‍ഡോറ വിക്ഷേപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന ഘടകം’- നാസയുടെ ഗോഡാർഡ് ബഹിരാകാശ കേന്ദ്രത്തിലെ പാൻഡോറ മുഖ്യ ഗവേഷകയായ എലിസ ക്വിന്റാന പറഞ്ഞു.
‘ബസ് ഉപകരണങ്ങള്‍ സൂക്ഷിക്കുകയും നാവിഗേഷന്‍ നിയന്ത്രിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ഭൂമിയുമായുള്ള ആശയവിനിമയം നിയന്ത്രിക്കുകയും ചെയ്യും. ബഹിരാകാശ പേടകത്തിന്റെ മസ്തിഷ്കമാണ് ബസ്’- എന്നും ക്വിന്റാന കൂട്ടിച്ചേര്‍ത്തു.