താരങ്ങളുടെ പ്രതിഫലവും സിനിമകളുടെ ബജറ്റും സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും അപ്പുറത്ത് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ രണ്ട് ബിഗ് ബജറ്റ് സിനിമകൾക്കായി കാത്തിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി-മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രവുമാണ് ആ രണ്ട് പ്രൊജക്ടുകൾ. 100 കോടിയിലധികമാണ് ഇരു സിനിമകളുടെയും ബജറ്റ്.
ഈ സിനിമകൾ മലയാള സിനിമയുടെ ക്യാൻവാസ് വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാവ് ആന്റോ ജോസഫ്.കെജിഎഫും കാന്താരയും കന്നഡ സിനിമയുടെ മുഖം മാറ്റിയത് പോലെ മലയാളം ഇൻഡസ്ട്രിയുടെ മാർക്കറ്റ് കൂടുതൽ വിപുലമാക്കാൻ എമ്പുരാനും മഹേഷ് നാരായണൻ ചിത്രത്തിനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ചില സിനിമകൾക്ക് ഇൻഡസ്ട്രിയെ വലുതാക്കാൻ കഴിയും. കന്നഡ സിനിമ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ് കാന്താര സംഭവിക്കുന്നത്. അതുപോലെ കെജിഎഫ് പോലുള്ള ഒരു സിനിമയ്ക്ക് അതിന്റെ ബജറ്റ് വീണ്ടെടുക്കുമെന്ന് പോലും ആരും പ്രതീക്ഷിച്ചുകാണില്ല.
എന്നാൽ അത് കന്നഡ സിനിമയെ രാജ്യത്തെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാക്കി മാറ്റി. മഹേഷ് നാരായണൻ സിനിമയിലൂടെ താനുംഎമ്പുരാനിലൂടെ ആന്റണി പെരുമ്പാവൂരും അതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ഇരു സിനിമകളുടെ സ്കെയിൽ വർധിക്കുന്നതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ ഇരുസിനിമകളും അത് അർഹിക്കുന്നുണ്ട് എന്നായിരുന്നു ആന്റോ ജോസഫിന്റെ മറുപടി.
അതുപോലെ മലയാള സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. മറ്റുള്ള ഇൻഡസ്ട്രികളിൽ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇവിടെയില്ല. മലയാള സിനിമയിലെ താരങ്ങൾ കൂടുതൽ സഹകരണമുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നയൻതാരയും സിനിമയിൽ ജോയിൻ ചെയ്തു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക.