സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം ഇനി വർക്ക് ചെയ്യാൻ ആഗ്രഹമില്ലെന്ന് സംവിധായകൻ നിഖിൽ അദ്വാനി. സൂപ്പർതാരങ്ങളുടെ ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് 600-800 കോടിയുടെ സിനിമകളാണ്, അത് തന്നെ കൊണ്ട് സാധിക്കില്ലെന്നും നിഖിൽ അദ്വാനി പറഞ്ഞു. വലിയ ബോക്സ് ഓഫീസ് നമ്പറുകൾ ഇല്ലാതെ അവരുടെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല.

സൂപ്പർസ്റ്റാറുകളെ വെച്ച് ഒരു സിനിമ നിർമിക്കാൻ തനിക്ക് കഴിയും, പക്ഷേ അവ സംവിധാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലെഹ്രെൻ റെട്രോയുമായി നടത്തിയ അഭിമുഖത്തിൽ നിഖിൽ അദ്വാനി വ്യക്തമാക്കി.ഷാരൂഖ്, സൽമാൻ, അക്ഷയ്, അജയ് ദേവ്ഗൺ തുടങ്ങിയ എല്ലാവരും വലിയ സൂപ്പർതാരങ്ങളാണ്. വലിയ ബോക്സ് ഓഫീസ് നമ്പറുകൾ ഇല്ലാതെ അവരുടെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല.

ഞാൻ ഇപ്പോഴും അതിരാവിലെ ഫോണിൽ അക്ഷയ്‌ കുമാറുമായി സംസാരിക്കുകയും അദ്ദേഹത്തിന് സ്ക്രിപ്റ്റുകൾ അയച്ച് കൊടുക്കാറുമുണ്ട്. എന്നാൽ അവ നിർമിക്കുന്നതിനപ്പുറം സംവിധാനം ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. ഷാരൂഖ് ഖാന് പറ്റിയ കഥ ഇപ്പോൾ എന്റെ പക്കലില്ല. കഭി ഖുഷി കഭി ഗം, കൽ ഹോ നാ ഹോ എന്നീ സിനിമകൾക്ക് മുകളിൽ നിൽക്കുന്ന ഒരു കഥ ലഭിച്ചാൽ മാത്രമേ ഞാൻ അദ്ദേഹത്തെ സമീപിക്കൂ’, നിഖിൽ അദ്വാനി പറഞ്ഞു.

ഷാരൂഖ് ഖാൻ നായകനായി എത്തിയ കൽ ഹോ നാ ഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകനാണ് നിഖിൽ അദ്വാനി. പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയം നേടിയിരുന്നു.

ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് കൽ ഹോ നാ ഹോ അറിയപ്പെടുന്നത്. കരൺ ജോഹറിന്റെ അസോസിയേറ്റ് ആയിരുന്നു നിഖിൽ. മൊഹബത്തേൻ, കഭി ഖുഷി കഭി ഗം, തുടങ്ങിയ സിനിമകളിൽ നിഖിൽ കരണിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്.

ജോൺ എബ്രഹാം, ശർവരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വേദ’ ആണ് അവസാനമായി തിയേറ്ററിലെത്തിയ നിഖിൽ അദ്വാനി ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *