മുംബൈ: ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് കൊൽക്കത്തയിൽ തുടക്കമാവുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ആ‍ർ സി ബി നായകനായി രജത് പാടിദാറിന്‍റെ അരങ്ങേറ്റ മത്സരം കൂടിയാവും ഇത്. ഇന്നലെയാണ് ആര്‍സിബിയുടെ പുതിയ നായകനായി രജത് പാടീദാറിനെ തെരഞ്ഞെടുത്തത്.

ഐപിഎല്‍ മെഗാ താരലേലത്തില്‍ പഞ്ചാബ് കിംഗ്സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി കൊല്‍ക്കത്ത ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.സീനിയര്‍ താരം അജിങ്ക്യാ രഹാനെയോ വെങ്കടേഷ് അയ്യരോ ആകും കൊല്‍ക്കത്തയുടെ നായകനെന്നാണ് കരുതുന്നത്.

നിലവിലെ റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മാർച്ച് 23ന് ഹോം ഗ്രൗണ്ടിലാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിന്‍റെ ആദ്യമത്സരം. രാഹുല്‍ ദ്രാവിഡ് പരിശീലകനായി തിരിച്ചെത്തിയശേഷം രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം കൂടിയാണിത്.

ഐപിഎല്ലിന്‍റെ പൂർണ മത്സരക്രമം ബിസിസിഐ വരും ദിവസങ്ങളിൽ പുറത്തിറക്കും. മേയ് 25ന് കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാകും ഫൈനൽ.

Leave a Reply

Your email address will not be published. Required fields are marked *