കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിലെ ഗാനം റിലീസ് ചെയ്തു. സന്തോഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ‘കണ്ണാടി പൂവേ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് 4 മണിക്കൂറിനകം 8 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.സന്തോഷ് നാരായണൻ തന്നെ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്.
സൂര്യയുടെ കഥാപാത്രത്തിന്റെ ജയിൽവാസത്തിൽ നായികയെ ഓർക്കുന്ന ദൃശ്യങ്ങൾ ആണ് ലിറിക്കൽ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. റെട്രോയിൽ സൂര്യയുടെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. ഗാനത്തിലെ ചില ഷോട്ടുകളും സൂര്യയുടെ ലുക്കും വാരണം ആയിരത്തിലെ ‘അവ എന്ന എന്ന’ എന്നഗാനത്തെയും ഏഴാം അറിവിലെ ‘യമ്മാ യമ്മാ’ എന്ന ഗാനത്തെയും ഓർമിപ്പിക്കുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
മെയ് 1ന് റീലിസ് ചെയ്യുന്ന റെട്രോയിലൂടെ, കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വമ്പൻ പരാജയത്തിന്റെ ക്ഷീണം മാറ്റാം എന്നാണ് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്നത്. റെട്രോയുടെ ടീസർ ഇതിനകം രണ്ടര കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. സൂര്യ ഒന്നിലധികം ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്.ചിത്രത്തിൽ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടാ നേതാവായ അച്ഛനെയും ഗുണ്ടായിസവും വിട്ട് കുടുംബ ജീവിതം നയിക്കാൻ യത്നിക്കുന്ന യുവാവിന്റെ കഥയാണ് റെട്രോ പറയുന്നത്.