ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.
ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് നിർമാതാക്കൾ.ചിത്രം മാർച്ച് 14 മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി.‘2018’ന്റെയും ‘മാളികപ്പുറ’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’.