കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിലെ അഞ്ച് പ്രതികളുടെ തുടര്‍പഠനം തടഞ്ഞ് നഴ്സിങ് കൗണ്‍സില്‍. കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇതിനിടെ റാഗിങ്ങിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കരിങ്കല്ലും കത്തിയും ഡമ്പലും കോമ്പസുകളും ഉൾപ്പെടെ പീഡനത്തിന് ഉപയോഗിച്ച വസ്തുക്കളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയാൻ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ശരീരമാസകലം വരയ്ക്കാനും കുത്താനും ഉപയോഗിച്ച കോമ്പസുകൾ, സ്വകാര്യ ഭാഗത്ത് പരുക്കേൽപ്പിക്കാൻ എടുത്തിട്ട ഡമ്പലുകൾ, പണം ഭീഷണിപ്പെടുത്തി വാങ്ങാൻ ഉപയോഗിച്ച കത്തികൾ, കരിങ്കല്ലുകൾ. നഴ്സിങ് കോളജ് മെൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ പതിമൂന്നാം നമ്പർ മുറിയിൽ സൂക്ഷിച്ചിരുന്ന മാരക പീഡനത്തിനുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.

ഏലപ്പാറ സ്വദേശിയായ വിദ്യാർഥിക്ക് പിന്നാലെ നാലുപേർ കൂടി പൊലീസിൽ ഔദ്യോഗികമായി പരാതിപ്പെട്ടു.ഇന്നലത്തേതിന് സമാനമായി ഇന്നും നഴ്സിംഗ് കോളജ് പരിസരം സമരവേദിയായി. ഇടതുപക്ഷത്തിന്റെ കള്ളക്കളികൾക്ക് ഉത്സാഹ കമ്മിറ്റിയായിരുന്നവർ നടത്തിയ കുറ്റകൃത്യത്തിൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള ശ്രമമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവും എം.എല്‍.എയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പ്രതി രാഹുൽ അംഗമായിരുന്ന കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷനെതിരെ കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ പ്രതിഷേധിച്ചു. റാഗിങ്ങില്‍ പ്രതികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെങ്കില്‍ അവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും മന്ത്രി കാസര്‍കോട്ട് പറഞ്ഞു. വീഴ്ചവരുത്തിയ കോളജ് പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് വാർഡനയും ഇന്നലെ മെഡിക്കൽവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *