തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോഗങ്ങൾ ഉള്ളവരും കാൻസർ പോലെ ഗുരുതര രോഗങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലർത്തണം.
മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചർമ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു ഇതു വഴി വയ്ക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം.
യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു.
ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ സ്കൂളുകളിൽ ഷൂ ,സോക്സ് ഓവർ കോട്ട് എന്നിവ ധരിക്കുന്നതിൽ സ്കൂൾ അധികാരികൾ ഇളവ് നൽകണം