വിജയ്‌യുടെ പത്തോളം ചിത്രങ്ങൾക്ക് സംഗീതം ചെയ്യണ്ട എന്ന് തീരുമാനിച്ച സമയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി സംഗീത സംവിധായകൻ ഹാരിസ് ജയരാജ്. സംഗീതം ചെയ്യാനായി തനിക്ക് ക്ഷണം വന്ന പതിനൊന്നാമത് വിജയ് ചിത്രമായിരുന്നു താൻ സംഗീതം നൽകിയ നൻബൻ എന്നും ഹാരിസ് ജയരാജ് എസ്. എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമ്മർദ്ദമുള്ള ജോലി ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, ഒരേ സമയം പല സിനിമകളും ഗാനങ്ങളും ഒരുമിച്ച് ചെയ്യേണ്ടി വരുന്ന അവസ്ഥ ഒരുതരം മാനസിക പീഡനം ആണെനിക്ക്. ചെയ്യുന്ന ജോലി ആസ്വദിച്ച് തന്നെ ചെയ്യണമെന്നെനിക്ക് നിർബന്ധമുണ്ട്. നമ്മുടെ ആത്മാവിന് വേണ്ടിയാവണം ജോലി ചെയ്യേണ്ടത് അല്ലാതെ പോക്കറ്റ് നിറക്കാനാകരുത്.

എനിക്ക് പണത്തോട് ആർത്തിയുണ്ടായിരുന്നില്ല അതുകൊണ്ടാണ് വിജയ് ചിത്രങ്ങൾ വേണ്ടന്ന് വെച്ചത്” ഹാരിസ് ജയരാജ് പറയുന്നു.

ഹാരിസ് ജയരാജ് അന്യൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ശങ്കറിന് വേണ്ടി ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു നൻബൻ. ഇതിന് ശേഷം വിജയ്‌ക്കൊപ്പം തുപ്പാക്കി എന്ന ചിത്രത്തിലും ഹാരിസ് ജയരാജ് പ്രവർത്തിച്ചിരുന്നു. രണ്ട് ചിത്രങ്ങളിലെയും ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *