ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഒന്നാണ് ജപ്പാന്‍. ഇപ്പോളിതാ വളരെക്കാലമായി ജപ്പാന്‍ ഭയപ്പെട്ടിരുന്ന വിനാശകരമായ ഒരു ‘മെഗാ’ ഭൂചലനത്തിന്‍റെ മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയാണ്.
വിനാശകരമായ സുനാമികൾ സൃഷ്ടിക്കാനും മൂന്ന് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കാനും പോന്ന സംഹാരശേഷിയായിരിക്കും ഈ ഭൂചലനത്തിന് എന്നാണ് ജാപ്പനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടില്‍ മുന്നറിയിപ്പ് നൽകുന്നത്.
2,000 പേർ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മ്യാൻമറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജപ്പാന്‍റെ പസഫിക് തീരത്തെ നന്‍കായി ട്രഫില്‍ വിനാശകരമായ ഒരു ഭൂചലനം കാലങ്ങളായി ജപ്പാന്‍ പ്രതീക്ഷിക്കുന്നതും ഭയപ്പെടുന്നതുമാണ്.
ശരാശരി 100 മുതൽ 150 വർഷത്തിലൊരിക്കൽ ഈ പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്ന് മുന്‍ കാലങ്ങളില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.ശക്തമായ ഭൂകമ്പത്തിനും സുനാമിക്കും സാധ്യതയുള്ളതും 8 അല്ലെങ്കിൽ 9 തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ പ്രദേശമാണിത്.