വികസനക്കുതിപ്പിന് പുതിയ വേഗം പകരാന്‍ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ നമ്മള്‍ ഇതും നേടിയെന്ന് വിഴിഞ്ഞം പദ്ധതി കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഴിഞ്ഞം കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നമാണെന്നും എല്ലാരീതിയിലും അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി ഇത് മാറുകയാണെന്നും ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറുകയാണെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിനെ പ്രശംസിക്കാനും മുഖ്യമന്ത്രി മറന്നില്ല. ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്നും വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഡ്യവുമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ചെലവിന്‍റെ വലിയൊരു ഭാഗവും കേരളമാണ് വഹിക്കുന്നതെന്നും ബാക്കി അദാനി പോര്‍ട്ടാണ് മുടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കരാര്‍പ്രകാരം 2042 ല്‍ മാത്രമേ ഇത് പൂര്‍ത്തിയാകേണ്ടതുള്ളൂവെങ്കിലും 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപറേഷന്‍ ആരംഭിക്കാനും കപ്പലുകള്‍ നങ്കൂരമിടാനും കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് പ്രതികൂല ഘടകങ്ങള്‍ ഉണ്ടായെന്നും കോവിഡ് അടക്കമുള്ള മഹാവ്യാധികളും ഉണ്ടായെന്നും സമ്പദ് വ്യവസ്ഥ ഉലഞ്ഞിട്ടും കേരളം തളര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.തുടക്കത്തിലുണ്ടായിരുന്ന എല്ലാ പ്രതിസന്ധികളെയും പ്രക്ഷോങ്ങളെയും മറികടന്നുവെന്നും രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈഫല്‍ ടവറിന്റെ ഉയരത്തിന്‍റെ അത്ര നീളമുള്ള കൂറ്റന്‍ കപ്പലായ എംഎസ്‌സി സെലിസ്റ്റിനോ മെരിക്കയാണ് കമ്മീഷനിങ്ങിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിച്ചത്.2024 ജൂലൈ 13നാണു വിഴിഞ്ഞം തുറമുഖത്തു ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ അടുത്തു തുടങ്ങിയത്.
2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 263 കപ്പലുകൾ എത്തി. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കത്തിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്.
പ്രതിമാസം ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.രാജ്യത്ത് ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന എംഎസ്‍സി തുർക്കിയെ ഉൾപ്പെടെ വൻ കപ്പലുകൾ വിഴിഞ്ഞത്തു സുഗമമായി ബെർത്ത് ചെയ്തു.
എംഎസ്‌സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്ത് ആരംഭിച്ചു. 2034 മുതൽ തുറമുഖം വഴിയുള്ള വരുമാനത്തിന്റെ വിഹിതം സർക്കാരിനു ലഭിക്കും.
തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണം 2028ൽ പൂർത്തീകരിക്കുമെന്നാണു കരാർ. ഇതോടെ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിഇയു ആയിരിക്കും.