ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അംപയറുമാരുമായി തർക്കിച്ച ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിനെതിരെ നടപടിക്ക് സാധ്യത.സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ രണ്ട് തവണ ഗിൽ അംപയറുമാരുമായി തർക്കിച്ചിരുന്നു.മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ട് പ്രകാരമാണ് ഗില്ലിനെതിരെ നടപടിയുണ്ടാകുക.
റിപ്പോർട്ട് പ്രകാരം ലെവൽ 1 കുറ്റമാണ് ഗിൽ ചെയ്തതെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ലഭിച്ചേക്കാം. ലെവൽ 2 കുറ്റമാണെങ്കിൽ ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ലഭിച്ചേക്കാം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഇന്നിങ്സിന്റെ 13-ാം ഓവറിലായിരുന്നു ആദ്യ സംഭവം. സൺറൈസേഴ്സ് സ്പിന്നർ സീഷാൻ അൻസാരിയുടെ പന്തിൽ ജോസ് ബട്ലർ ഷോർട്ട് ഫൈൻ ലെഗിലേക്ക് അടിച്ച ഷോട്ടിൽ സിംഗിൾ എടുക്കാനായിരുന്നു ബട്ലറിന്റെയും ഗില്ലിന്റെയും ശ്രമം. ഇരുവരും വേഗത്തിൽ ഒരു സിംഗിളിനായി ഓടുകയും ചെയ്തു.
എന്നാൽ ഹർഷൽ പട്ടേൽ പന്ത് വേഗത്തിൽ കൈവശപ്പെടുത്തി എറിയുകയും ഗിൽ ക്രീസിന് വളരെ അകലെയായിരിക്കെ പന്ത് സ്റ്റമ്പിൽ പതിക്കുകയും ചെയ്തു.
പക്ഷേ സ്റ്റമ്പ് ഇളക്കിയത് പന്താണോ അതോ സൺറൈസേഴ്സിന്റെ വിക്കറ്റ് കീപ്പറായ ഹെൻറിച്ച് ക്ലാസന്റെ കൈകളാണോ എന്ന് ഉറപ്പില്ലായിരുന്നു.സൺറൈസേഴ്സ് ഇന്നിങ്സിനിടെയാണ് ഗില്ലും അംപയറും തമ്മിൽ വീണ്ടും തർക്കമുണ്ടായത്.
ഇത്തവണ സൺറൈസേഴ്സ് താരം അഭിഷേക് ശർമയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു ഗില്ലിന്റെ തർക്കം. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം.ഇതോടെ ഗുജറാത്ത് താരങ്ങൾ തേർഡ് അംപയറിന്റെ സഹായം തേടി. തേർഡ് അംപയറിന്റെ പരിശോധനയിൽ പന്ത് പിച്ച് ചെയ്തത് അംപയർസ് കോൾ ആണെന്ന് തെളിഞ്ഞു.
ഇതാണ് ഗില്ലിനെ ചൊടുപ്പിച്ചത്. പിന്നാലെ അംപയറുമായി തർക്കത്തിലായ ഗില്ലിനെ സൺറൈസേഴ്സ് താരം അഭിഷേക് ശർമയാണ് കൂളാക്കിയത്.ഐപിഎല്ലിൽ മാർച്ച് ആറിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ അടുത്ത മത്സരം. നിർണായക മത്സരമായതിനാൽ ഗില്ലിന് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ആരാധകർ.