സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത വിധം ജനപ്രീതിയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ആറുദിവസം കൊണ്ടാണ് സിനിമ ആഗോളതലത്തിൽ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. കേരള ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.
സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തിനെ ഫ്ലാഷ്ബാക്കിൽ ആദ്യം ടാക്സി ഡ്രൈവർ ആയിട്ടാണ് അവതരിപ്പിക്കാനിരുന്നതെന്നും മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് അയാളെ ഒരു ഫൈറ്റർ ആക്കി മാറ്റിയതെന്നും നിർമാതാവ് എം രഞ്ജിത്ത് പറഞ്ഞു.ഫ്ലാഷ്ബാക്കിൽ അയാളെ മദ്രാസിൽ ഒരു ടാക്സി ഡ്രൈവർ ആയി ആണ് അവതരിപ്പിക്കാനിരുന്നത്.
മോഹൻലാൽ സാറാണ് ഡ്രൈവർക്ക് പകരം അയാളെ ഒരു ഫൈറ്റർ ആയി അവതരിപ്പിക്കാമെന്ന് പറയുന്നത്. സ്റ്റണ്ട് മാൻ ആകുമ്പോൾ സിനിമയിലെ ഫൈറ്റിനൊക്കെ ഒരു ഒർജിനാലിറ്റി തോന്നും. ആ നിർദ്ദേശം ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ നന്നായി തോന്നി.
അങ്ങനെ ഞങ്ങൾ തിരക്കഥയിൽ മാറ്റം വരുത്തി. ഷൂട്ട് തുടങ്ങുമ്പോഴാണ് ലാലേട്ടൻ പറയുന്നത് എല്ലാ ഫൈറ്റേഴ്സും ഫൈറ്റിന് മുൻപ് താഴെ തൊട്ടിട്ട് നെഞ്ചിൽ വെച്ച് ‘മുരുകാ’ എന്ന് പറയും.
ഇത് നമുക്ക് സിനിമയിൽ ഉൾപ്പെടുത്തിയാലോ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ എനിക്കും തരുണിനുമൊക്കെ അത് ഓക്കേ ആക്കി. അത് തിയേറ്ററിൽ വന്നപ്പോൾ ഉള്ള ഇമ്പാക്റ്റ് ഭീകരമായിരുന്നു’, എം രഞ്ജിത്ത്പറഞ്ഞു.