വത്തിക്കാൻ സിറ്റി ∙ ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി. പ്രതിസന്ധിയിലായിരിക്കുന്ന ലോകക്രമത്തിൽ ക്രിസ്തുവിന്റെ രക്തത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ കെൽപുള്ളയാൾ പാപ്പയായി വരണമെന്നാണ് ആഗ്രഹം.
ഇന്നലത്തെ യോഗത്തിൽ 179 കർദിനാൾമാർ പങ്കെടുത്തു. അതിൽ 132 പേർ വോട്ടവകാശമുള്ളവരാണ്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്.കർദിനാൾമാർക്ക് സാന്ത മാർത്ത അതിഥി മന്ദിരത്തിലേക്ക് ഇന്നു മാറാനാവും.
സാന്ത മാർത്തയിൽനിന്ന് സിസ്റ്റീൻ ചാപ്പലിലേക്ക് വാഹനത്തിലും നടന്നും പോകാം. അതിനുള്ള തയാറെടുപ്പുകളും സിസ്റ്റീൻ ചാപ്പലിലെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും മത്തെയോ ബ്രൂണി പറഞ്ഞു.