ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുര്‍ബല പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ എല്ലാ അതിര്‍ത്തി ജില്ലകളിലെയും സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ഭരണകൂടം പൂര്‍ണമായും തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.”
എല്ലാ അതിര്‍ത്തി ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ എല്ലാ മുതിര്‍ന്ന ഭരണ, പോലീസ്, ജില്ലാ ഉദ്യോഗസ്ഥരുമായും സമഗ്രമായ ചര്‍ച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. ‘ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലകളിലെ സ്ഥിതിഗതികള്‍ എല്ലാ അതിര്‍ത്തി ജില്ലകളിലെയും ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ മുതിര്‍ന്ന ഭരണ, പോലീസ്, ജില്ലാ ഉദ്യോഗസ്ഥരുമായും വിലയിരുത്തി.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായും തയ്യാറാണ്.’ -മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ദുര്‍ബലമായ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അദ്ദേഹം ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇത്തരത്തില്‍ മാറ്റപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, വൈദ്യ പരിചരണം, ഗതാഗതം എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.