പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച ആ സിന്ദൂരപ്പൊട്ടുകള്‍ക്ക് രാജ്യം പകരംചോദിച്ച വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ രാജ്യം നിയോഗിച്ചത് രണ്ട് വനിതകളെ. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചത്.
ഒന്‍പത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറം ഭീകരക്യാംപുകള്‍ നടത്തിവരികയാണെന്നും പാക്കിസ്ഥാനിലും പാക് അധീനകശ്മീരിലുമായി ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളും നശിപ്പിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇന്‍റലിജന്‍സ് നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴവില്ലാത്ത ആസൂത്രണം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ക്യാംപുകളും സൈന്യം തകര്‍ത്തു.
മുസഫറാബാദിലെ ലഷ്കര്‍ ക്യാംപും തകര്‍ത്തുവെന്നും അവര്‍ വ്യക്തമാക്കി. ഒരു കെട്ടിടം, കെട്ടിടങ്ങളുടെ സമുച്ചയം എന്നിങ്ങനെയാണ് തകര്‍ത്തത്. ഒരു സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിട്ടില്ലെന്നുംസോഫിയ ഖുറേഷി വിശദീകരിച്ചു.