ലഖ്‌നൗ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലേയും പാക് അധീന ജമ്മു കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന പോലീസിന്റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം തടത്താന്‍ നിര്‍ദേശിച്ചതായി യുപി ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ്ണസജ്ജമാണ്. യുപി പോലീസ് ജാഗ്രതയോടെയിരിക്കുകയാണ്’, പ്രശാന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലേയും ഒന്‍പതുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ കനത്ത ആക്രണം നടത്തിയത്. പുലര്‍ച്ചെ 1.44-നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. പാകിസ്താനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരതാവളങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സംയുക്തനടപടിയില്‍ തകര്‍ത്തത്.
ജെയ്ഷ്-ഇ- മുഹമ്മദ്, ലഷ്‌കര്‍- ഇ- തൊയ്ബ താവളങ്ങളായിരുന്നു ലക്ഷ്യം. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.