പാകിസ്താനിലെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ നേതാക്കളായ അബ്ദുള്‍ മാലിക്, മുദസ്സിര്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുള്‍ മാലിക്കും മുദസ്സിറും. ലഷ്‌കര്‍ കേന്ദ്രമായ പാകിസ്താനിലെ മുരിഡ്‌കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’.

പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്‌ഷെ കേന്ദ്രങ്ങളായ തെഹ്‌റ കലാനിലെ സര്‍ജാല്‍,

കോട്‌ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *