കത്തോലിക്ക സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അമേരിക്കയില്‍ നിന്ന് ഒരാള്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച റോബര്‍ട്ട് പ്രവോസ്തിനെ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന റോബര്‍ട്ട് പ്രവോസ്ത് മിഷിനറിയാണ്ത്ത പാപ്പയെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് പ്രവോസ്തിനെ വിശേഷിപ്പിക്കാം. മൂന്ന് ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നുകിടക്കുന്നു റോബര്‍ട്ട് പ്രവോസ്തിന്‍റെ ജീവിതം.
ജന്മംകൊണ്ട് അമേരിക്കക്കാരന്‍ എങ്കിലും പ്രവര്‍ത്തനമേഖല പെറുവായിരുന്നു. പെറുവിന്‍റെ പൗരത്വവുമുണ്ട്. പിതാവ് ഫ്രഞ്ച്–ഇറ്റാലിയന്‍ പൗരനും മാതാവ് സ്പാനിഷ്കാരിയുമാണ്. 1982ല്‍ തിരുപ്പട്ടം സ്വീകരിച്ചശേഷം 1988 മുതല്‍ പെറുവില്‍ ഇടവകവികാരി ആയും ബിഷപ്പായും സേവനം അനുഷ്ഠിച്ചു.
ലോകത്തെ വന്‍ശക്തിയായ രാജ്യത്ത് നിന്നൊരു പാപ്പ സാധാരണയായി വത്തിക്കാന്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ മിതവാദിയും അമേരിക്കയില്‍ ജനിച്ചെങ്കിലും കൂടുതല്‍ കാലം പെറുവില്‍ സേവനം ചെയ്തതും അനുകൂലമായി.
സെന്‍റ് അഗസ്റ്റിന്‍ സെമിനാരിയുടെ തലവനും അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലും ആയിരുന്നു. 2014ല്‍ ഫ്രാന്‍സിസ് പാപ്പയാണ് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തിയത്.2023ല്‍ കര്‍ദിനാള്‍ പദവി. 2025ല്‍ കര്‍ദിനാള്‍ ബിഷപ്പാക്കി.
ബിഷപ്പുമാരെ നാമനിര്‍ദേശം ചെയ്യാനുള്ള ഡിക്കാസ്റ്റിയുടെ ചുമതലക്കാരനുമാക്കി. ബിഷപ്പുമാരെ നാമനിര്‍ദേശം ചെയ്യുന്ന സമിതിയിലേക്ക് വനിതകളെ നിയമിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തിന് പിന്തുണനല്‍കി.
കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ റോബര്‍ട്ട് പ്രവോസ്തിന് ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രെഞ്ച്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പ്രാവീണ്യം ഉണ്ട്. ലാറ്റിന്‍ ജര്‍മന്‍ ഭാഷകള്‍ വായിക്കാനുമറിയാം. നയതന്ത്ര ശാലിയായ റോബര്‍ട്ട് പ്രവോസ്ത് ഫ്രാന്‍സിസ് പാപ്പയുടെ പുരോഗമന ചിന്തകള്‍ പിന്തുടരുമെന്നാണ് പ്രതീക്ഷ.