തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലവർഷം അടുത്തതോടെ കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.അതേസമയം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 22ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും, 23ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത ശക്തമായതോടെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതകന്യാകുമാരി തീരത്തും രാത്രി11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.