തിരുവനന്തപുരം: കേരളത്തിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. വിവരാവകാശ രേഖ പ്രകാരം കേരളത്തിൽ 49 ലക്ഷത്തിൽ അധികം ആധാറുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനസംഖ്യയും ആധാർ രജിസ്ട്രേഷൻ കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.ആധാർ കാർഡ് സമ്മതിദാനം നിർവ്വഹിക്കുന്നത മുതൽ ബാങ്കിംഗിനും സിം കാർഡിനും വരെ നിർബന്ധമായ ആധികാരിക രേഖയാണ്. സംസ്ഥാനങ്ങളിലെ മരണ രജിസ്റ്ററുകൾ കൃത്യം അല്ലാത്തതും, ഒരാൾക്ക് ഒന്നിൽ അധികം ആധാർ രജിസ്റ്റർ ചെയ്യപ്പെട്ടതുമാകാം കണക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
2025 സെപ്റ്റംബർ 30 വരെ 141,22,25,700 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. എന്നാൽ 1,42,95,78,647 ആണ് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ആധാർ കാർഡുകളുടെ എണ്ണം. ഒരുകോടി 73 ലക്ഷത്തി 52 ആയിരത്തി 947 ആധാർ കാർഡുകൾ അധികമുണ്ടെന്നാണ് വിവരാവകാശ രേഖ പ്രകാരം യുണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന കണക്ക്.
ഇതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യയും ആധാർ രജിസ്ട്രേഷൻ കണക്കുകളും തമ്മിൽ വലിയ അന്തരമാണുള്ളത്.കേരളത്തിന് പുറമേ ആന്ധ്ര, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ത്രിപുര , പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആധാർ ഡാറ്റാബേസിൻ്റെ കൃത്യത നിലനിർത്തുന്നതിന് മരിച്ചവരുടെ ആധാർ നമ്പറുകൾ നിർജ്ജീവമാക്കുകയും തട്ടിപ്പ് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായും യുഐഡിഎഐ വ്യക്തമാക്കുന്നു.
