കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു താരം. ‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ഹരീഷ് റായ്. ‘കെജിഎഫി’ലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.
‘ഓം’, ‘സമര’, ‘ബാംഗ്ലൂർ അണ്ടർവേൾഡ്’, ‘ജോഡിഹക്കി’, ‘രാജ് ബഹാദൂർ’, ‘സഞ്ജു വെഡ്‌സ് ഗീത’, ‘സ്വയംവര’, ‘നല്ല’, ‘കെജിഎഫ്’ സിനിമയുടെ രണ്ട് അധ്യായങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.അർബുദം വയറിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതായി ഹരീഷ് റായ്യുടെ മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് മുൻപ് തുറന്നുപറഞ്ഞിരുന്നു.
ഒരു കുത്തിവയ്പ്പിന് 3.55 ലക്ഷം രൂപ ചിലവാകുമെന്നും 63 ദിവസത്തിന്റെ ഒരു സൈക്കിളിൽ മൂന്ന് കുത്തിവയ്പ്പുകൾ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു സൈക്കിളിന് മാത്രം 10.5 ലക്ഷം രൂപയായിരുന്നു ചിലവ്.
സമാന അവസ്ഥയിലുള്ള രോഗികൾക്ക് 20 കുത്തിവയ്പ്പുകൾ വരെ ആവശ്യമായി വരുന്നുണ്ടെന്നും മൊത്തം ചികിത്സാ ചെലവ് 70 ലക്ഷം രൂപയോളം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.യഷുമായി അടുത്ത ബന്ധമുണ്ടെന്നും എന്നാൾ എപ്പോഴും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘യഷ് എന്നെ മുൻപ് സഹായിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരിക്കാൻ കഴിയില്ല. ഒരാൾക്ക് എന്തുമാത്രം സഹായം ചെയ്യാൻ കഴിയും? അദ്ദേഹമിതറിഞ്ഞാൽ തീർച്ചയായും എന്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. ഒരു കോൾ മാത്രം അകലെയാണ് അദ്ദേഹം.’– ഹരീഷ് റായ്യുടെ വാക്കുകൾ.
