ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും.

എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്.

അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്.അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍.

ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്‍റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ മുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍, ഈ അടിയന്തര ഫണ്ട് ഉപയോഗിക്കാന്‍ നിയമപരമായി കഴിയില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.

ഇത് സ്‌നാപ് ആനുകൂല്യങ്ങള്‍ കിട്ടേണ്ടവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഈ ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *