കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ – ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു.

സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി ‌ചെന്നൈയിലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു അദ്ദേഹം സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്.

നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു.

1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു.

1979-ൽ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതം മലയാളികൾ കേട്ടു. സത്യൻ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഇരുനൂറിലേറെ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ചതിന് ‘ഭരതം’ എന്ന ചിത്രത്തിലൂടെ 1992ഭരതം’ എന്ന ചിത്രത്തിലൂടെ 1992 ൽ ദേശീയ അവാർഡും ലഭിച്ചു. ഇതേ ചിത്രത്തിന് 1991ൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2002-ൽ ‘നന്ദന’ത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം നേടി.

അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി. ചാനലുകളിലും സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രൻ. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെവൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ വിടപറയുന്നത്.

മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *