അവ‍ര്‍ നിരന്തരം പരീക്ഷിക്കപ്പെടുകയല്ല ഇവിടെ. നേടാൻ സാധിക്കുന്നതെല്ലാം അവ‍ര്‍ സ്വന്തമാക്കി കഴിഞ്ഞു. അത് കിരീടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, റണ്‍സിലും” – ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടര്‍ അജിത് അഗാ‍ര്‍ക്കര്‍ രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഈ ഉത്തരം പറഞ്ഞു നിര്‍ത്തിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.

2027 ഏകദിന ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള ഇരുവരുടേയും യാത്രക്ക് ഒരു വിചാരണയുടെ സ്വഭാവമുണ്ടാകില്ല എന്നായിരുന്നു സാരാംശം. എന്നിരുന്നാലും ആ യാത്ര അത്ര എളുപ്പമാക്കാനും ബിസിസിഐ താല്‍പ്പര്യപ്പെടുന്നില്ല.

ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിതിനും കോഹ്ലിക്കും ഏകദിന ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെ തീരുവെന്ന നിലപാട് എടുത്തിരിക്കുന്നു ബിസിസിഐ.

 മാച്ച് ഫിറ്റ്‌നസ്, ഇതാണ് രോ-കൊ സഖ്യത്തിന് മുകളില്‍ ഇത്തരമൊരു കടമ്പ വെക്കാൻ ബിസിസിഐയെ നിർബന്ധിതമാക്കിയത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് ഇരുവരും മടങ്ങിയെത്തിയത് ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു.

ഇടവേളയുടെ ആലസ്യം ആദ്യ രണ്ട് മത്സരങ്ങളിലും രോഹിതിന്റേയും കോഹ്ലിയുടേയും പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. എട്ട്, 73, 121 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്കോറുകള്‍.

അഡ്‌ലെയ്‌ഡില്‍ ചെറുത്തുനില്‍പ്പ് രോഹിതിനെ രക്ഷിച്ചു, സിഡ്നിയില്‍ ക്ലാസിക്ക് ശതകം. മറുവശത്ത് പെർത്തിലും അഡ്‌‌ലയ്‌ഡിലും കോഹ്ലി ഡക്ക്, സിഡ്നിയില്‍ തിരിച്ചുവരവ്, 74 നോട്ടൗട്ട്.

Leave a Reply

Your email address will not be published. Required fields are marked *