ബീജിങ്: തായ്‌വാന്‍റെ പേരിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക്. തായ്‌വാനെ ചൈന ആക്രമിച്ചാൽ സൈന്യത്തെ വിന്യസിക്കുമെന്ന് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
ഒക്ടോബറിൽ അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പാർലമെന്റ് പ്രസംഗത്തിലായിരുന്നു ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷത്തിൽ ജപ്പാൻ സൈനിക പങ്കാളിയാകുമെന്ന് സനേ തകായിച്ചി അഭിപ്രായപ്പെട്ടത്.
സൈനിക ഇടപെടൽ നടത്തുമെന്ന സനേ തകായിച്ചിയുടെ ഭീഷണി ചൈനയെ പ്രകോപ്പിക്കുകയും ചെയ്തു. ചൈന ഇതിനെ ‘സൈനിക ഭീഷണി’യായി കണ്ട് യുഎൻ വരെ ഇക്കാര്യമെത്തിക്കുകയും ചെയ്തു. പിന്നാലെ ജപ്പാനുമായി സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജപ്പാനിലേക്ക് യാത്ര ചെയ്യരുതെന്നതടക്കമുള്ള മുന്നറിയിപ്പുകള്‍ ഷി ജിൻപിങ് ഭരണകൂടം ചൈനയിലെ പൗരന്മാർക്ക് നൽകുകയും ചെയ്തു.
ഇതിന് പുറമെ ചൈന ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.ജാപ്പനീസ് ഗായകരുടെ കോൺസെർട്ടുകൾ റദ്ദാക്കുകയും ജാപ്പനീസ് സിനിമാ റിലീസുകള്‍ തടയുകയും ചെയ്തു.
