ഒന്റാറിയോ ∙ സന്ദര്‍ശക വീസയില്‍ പേരക്കുട്ടിയെ കാണാന്‍ കാനഡയിലെത്തിയ ഇന്ത്യക്കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ജഗ്ജിത് സിങ് എന്ന 51കാരനാണ് ഒന്റാറിയോയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.

കൂടാതെ കാനഡയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.ജൂലൈയിൽ ആണ് ജഗ്ജിത് സിങ് തന്റെ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തുന്നത്. രാജ്യത്ത് എത്തിയതിന് പിന്നാലെ സാർണിയ പ്രദേശത്തെ ഒരു ഹൈസ്കൂളിന് സമീപം ഇയാൾ പതിവായി പുകവലിക്കാൻ പോയിരുന്നു.

കൗമാരക്കാരായ രണ്ട് കനേഡിയൻ പെൺകുട്ടികൾക്ക് നേരെയാണ് ജഗ്ജിത് സിങ് ലൈംഗികാതിക്രമം നടത്തിയത്. സ്കൂള്‍ പരിസരത്ത് വച്ച് സെപ്റ്റംബര്‍ 8നും 11നും ആണ് അക്രമം നടത്തിയത്.ഹൈസ്കൂളിന് സമീപം പതിവായി പുകവലിക്കാന്‍ എത്തിയ ജഗ്ജിത് സിങ് പെണ്‍കുട്ടികളെ പിന്തുടരുകയായിരുന്നു.

ഇവരോട് മദ്യത്തെയും ലഹരിമരുന്നുകളെയും കുറിച്ച് സംസാരിച്ച ശേഷം ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ കടന്നു പിടിച്ചുവെന്നും അസ്വസ്ഥത തോന്നിയതോടെ തട്ടിമാറ്റി ഓടിക്കളയുകയായിരുന്നുവെന്നും പെണ്‍കുട്ടികളിലൊരാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 16ന് ജഗ്ജിത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇംഗ്ലിഷ് സംസാരിക്കാനാറിയാത്ത ജഗ്ജിത് സിങ് പെണ്‍കുട്ടികള്‍ സ്കൂളില്‍ നിന്ന് മടങ്ങിയപ്പോള്‍ പിന്തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും സമാന പരാതിയെ തുടര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്തു.

അനാവശ്യമായാണ് ഹൈ സ്കൂള്‍ പരിസരത്തേക്ക് സിങ് അതിക്രമിച്ച് കടന്നതെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഡിസംബര്‍ 30ന് സിങ് നാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചുവെങ്കിലും നാടുകടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പരാതിക്കാരായ പെണ്‍കുട്ടികളെ ഒരുതരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൂള്‍, സ്കൂള്‍, കളിസ്ഥലം, പാര്‍ക്ക്, കമ്യൂണിറ്റി സെന്റർ എന്നിങ്ങനെ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള സ്ഥലങ്ങളിലൊന്നും ജഗ്ജിത് സിങ് എത്താന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. അതേസമയം, പേരക്കുട്ടിയോടൊത്ത് സമയം ചെലവഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *