യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും ഇന്ത്യയുടെ ജിഡിപി മുന്നേറ്റത്തിന് കോട്ടംതട്ടിയില്ലെന്ന് വിവിധ ധനകാര്യ/ഗവേഷണ ഏജൻസികളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ ജൂലൈ-സെപ്റ്റംബർ കാലത്തെ ജിഡിപി വളർച്ചാക്കണക്ക് നാളെയാണ് കേന്ദ്രം പുറത്തുവിടുന്നത്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന പട്ടം ഇന്ത്യ തന്നെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ പാദത്തിൽ ഇന്ത്യ 7.5% വളർച്ചനേടുമെന്ന് എസ്ബിഐ റിസർച് പ്രവചിക്കുന്നു. റോയിട്ടേഴ്സിന്റെ അനുമാനം 7.3 ശതമാനമാണ്.

ഇന്ത്യ റേറ്റിങ്സ് (ഇൻഡ്-റ) 7.2%, ഇക്ര 7% എന്നിങ്ങനെയുമാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് വിലയിരുത്തുന്ന 7 ശതമാനത്തിനും മുകളിലാണ് മിക്ക ഏജൻസികളുടെയും പ്രവചനം.ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമായിരുന്നു വളർച്ച.

അതാകട്ടെ, കഴിഞ്ഞ 5 പാദങ്ങൾക്കിടയിലെ ഏറ്റവും മികച്ചതും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു ജൂൺപാദ മുന്നേറ്റം. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ട്രംപ് പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ ഇന്ത്യയ്ക്ക് ബാധകമായത്.

കയറ്റുമതി മേഖല ഉലഞ്ഞെങ്കിലും ശക്തമായ ആഭ്യന്തര വിപണിയുടെ കരുത്തിൽ ഇന്ത്യ വീഴാതെ പിടിച്ചുനിന്നുവെന്ന് മിക്ക ഏജൻസികളും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *