കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു. റായ്പൂരിലും വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. അതേസമയം റായ്പൂരിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരപ്പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാൻ സാധിക്കുകയുള്ളൂ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 17 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്ക മൂന്നിന് 11 എന്നും പിന്നീട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്നും തകർന്നതിന് ശേഷമാണ് 332 എന്ന സ്കോറിലേക്കെത്തിയത്. മുൻനിരയുടെ സംഭാവനകൂടിയുണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
