കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വെടിക്കെട്ട് തുടര്‍ന്ന് വൈഭവ് സൂര്യവന്‍ഷി. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ബീഹാറിന് വേണ്ടി വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്. വൈഭവിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ബീഹാര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സ് നേടി.
മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്.
കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ആദ്യ ഓവറില്‍ തന്നെ ബിബിന്‍ സൗരഭിന്റെ (4) വിക്കറ്റി ബിഹാറിന് നഷ്ടമായിരുന്നു.
അഞ്ചാം ഓവറില്‍ പിയൂഷ് കുമാര്‍ (7) കൂടി മടങ്ങിയതോടെ രണ്ടിന് 31 എന്ന നിലയിലായി ബിഹാര്‍. തുടര്‍ന്നായിരുന്നു വൈഭവിന്റെ മിന്നുന്ന പ്രകടനം. ആകാശ് രാജിനൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കാന്‍ വൈഭവിന് സാധിച്ചു. 14-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിയുന്നത്.
26 റണ്‍സെടുത്ത ആകാശിനെ വിക്കി ഒസ്ത്വാള്‍ പുറത്താക്കി. എന്നാല്‍ ആയുഷ് ലൊഹാരുകയ്ക്കൊപ്പം 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വൈഭവ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു.
അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്സുകളും 20 ഫോറുകളും വൈഭവിന്റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.
144 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീമിലേക്കും വൈഭവിനെ തെരഞ്ഞെടുത്തു. മറ്റൊരു യുവതാരം ആയുഷ് മാത്രെ നയിക്കുന്ന ടീമിലാണ് വൈഭവ് ഉള്‍പ്പെട്ടത്.
അതിനിടെയാണ് സയ്യിദ് മുഷ്താഖ് അലി ടി20യിലെ മിന്നുന്ന പ്രകടനം. വരാനിരിക്കുന്നത് തന്റെ നാളുകളാണെന്ന് വിളിച്ചു പറയുകയാണ് താരം.അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള
ഇന്ത്യന്‍ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വിഹാന് മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, യുവരാജ് ഗോഹില്‍, കനിഷ്ക് ചൗഹാന്, ഖിലാന്‍ എ. പട്ടേല്‍, നമന്‍ പുഷ്പക്, ഡി ദീപേഷ്, ഹെനില്‍ മോഹന്‍ കുമാര്‍, എ കിഷന് കുമാര്‍.
