സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. റായ്പൂരാണ് ഈ മത്സരത്തിന്റെ വേദി. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 1 – 0 മുമ്പിലാണ്.അതിനാല്‍ തന്നെ ഈ മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

മറുവശത്ത് സൗത്ത് ആഫ്രിക്കയുടെയും ലക്ഷ്യം വിജയം തന്നെയാണ്. അതിനാല്‍ അവരും മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്.ഇരുടീമും വീറും വാശിയുമായി പോരിനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഇന്ന് വലിയ വിരുന്നായിരിക്കും.

എന്നാല്‍, രണ്ടാം മത്സരം മാത്രമല്ല, ഇന്ന് മറ്റ് രണ്ട് സമ്മാനങ്ങള്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. അതിലൊന്ന് പ്രോട്ടിയാസിനെതിരെയുള്ള ടി – 20 സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതാണ്.പ്രോട്ടിയാസിനെതിരെയുള്ള ടി – 20 ടീമിനെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതായിരുന്നു ടീം പ്രഖ്യാപനം വൈകിയെന്നാണ് വിവരം. ഇന്നത്തെ യോഗത്തില്‍ പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുത്തേക്കും.ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഗില്‍ ടീമില്‍ ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്.

അതിനാല്‍ തന്നെ സഞ്ജു സാംസണും യശസ്വി ജെയ്സ്വാളും ടീമില്‍ എത്തിയേക്കും. ഇവരില്‍ ഒരാള്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറാകാന്‍ സാധ്യതയുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗും ടീമില്‍ ഇടം പിടിച്ചേക്കും. ഡിസംബര്‍ ഒമ്പത് മുതലാണ് പ്രോട്ടിയാസിനെതിരെയുള്ള ടി – 20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഇന്ന് ഇന്ത്യന്‍ ആരാധകരെ കാത്തിരിക്കുന്ന മറ്റൊരു കാര്യം ടി – 20 ലോകകപ്പിനുള്ള ജേഴ്‌സി റിവീലാണ്. ഇന്ന് റായ്പൂരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനിടെ ലോകകപ്പിനുള്ള ടീമിന്റെ ജേഴ്‌സി റിവീല്‍ ചെയ്യും. മത്സരത്തിന്റെ ഇന്നിങ്സ് ബ്രേക്കിനിടെയാവും ഇത് എന്നാണ് വിവരം.

2026 ഫെബ്രുവരി ഏഴിനാണ് ടി – 20 ലോകകപ്പിന് തുടക്കമാവുന്നത്. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *