ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഡിസംബർ ആറിന് വിശാഖപട്ടണത്താണ് പരമ്പരയിലെ മൂന്നാം ഏകദിനം നടക്കുക. തുടർവിജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുക.
അതേസമയം പരമ്പര കൈവിട്ടുകളയാതിരിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.നവംബർ 30ന് റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു.
റായ്പൂരിലും വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. അതേസമയം റായ്പൂരിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരപ്പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാൻ സാധിക്കുകയുള്ളൂ.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കെതിരെ വൈറ്റ് വാഷ് വിജയം സ്വന്തമാക്കിയതാണ് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം.റാഞ്ചിയിൽ ഇന്ത്യയുടെ വിജയമൊരുക്കിയ രോഹിത്-കോഹ്‌ലി സഖ്യമായിരിക്കും ഇന്നും ശ്രദ്ധാകേന്ദ്രം. വിമർശകരെ നിശബ്‌ദരാക്കുന്ന തരത്തിലായിരുന്നു ഒന്നാം ഏകദിനത്തിൽ ഇരുവരുടെയും പ്രകടനം.
52–ാം സെഞ്ച്വറി നേടിയ കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ 120 പന്തിൽ 135 റൺസ് നേടി. സിക്‌സറിൽ ലോക റെക്കോർഡിട്ട രോഹിത് 51 പന്തിൽ 57 റൺസും സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്ക മൂന്നിന് 11 എന്നും പിന്നീട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്നും തകർന്നതിന് ശേഷമാണ് 332 എന്ന സ്കോറിലേക്കെത്തിയത്. മുൻനിരയുടെ സംഭാവനകൂടിയുണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
