മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരുക്കേറ്റതിനെ തുടർന്ന് രണ്ടു മാസം പുറത്തിരുന്നതിനു ശേഷമാണ് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയത്. പരുക്കിന്റെ പിടിയിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 15 അംഗ ടീമിലുണ്ട്.
പക്ഷേ ഗില്ലിനെ കളിപ്പിക്കുന്നതിനായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതി ലഭിച്ചിട്ടില്ല. ഡിസംബർ ഒൻപതിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ.
അതേസമയം റിങ്കു സിങ്ങിനും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും ടീമിൽ ഇടം ലഭിച്ചില്ല. ഗില്ലിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസണായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഭാഗമായി കേരള ടീം ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്.
താരം ഉടൻ തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരാണ് പേസര്‍മാർ.ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ.
