ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ ഗുജറാത്തിനെതിരായ മത്സരത്തിനിടെ തന്നെ പുറത്താക്കിയ ബോളറെ കെട്ടിപ്പിടിച്ച് ബറോഡ താരം ഹാർദിക് പാണ്ഡ്യ. പരുക്കിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഹാർദിക് ട്വന്റി20 ടൂർണമെന്റ് കളിക്കാനിറങ്ങിയത്.

വ്യാഴാഴ്ച ഹൈദരാബാദിൽ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് സ്പിന്നര്‍ രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായപ്പോഴായിരുന്നു പാണ്ഡ്യയുടെ നാടകീയ നീക്കം. മത്സരത്തിൽ ആറു പന്തുകൾ നേരിട്ട പാണ്ഡ്യ റണ്‍സെടുത്താണു പുറത്തായത് വൺ‍ഡൗണായിബാറ്റിങ്ങിന് ഇറങ്ങിയ താരത്തെ മത്സരത്തിന്റെ ഏഴാം ഓവറിൽ അർസൻ നാഗ്‍വാസ്‍വല്ല ക്യാച്ചെടുത്താണു പുറത്താക്കുന്നത്.

ബൗണ്ടറി നേടാൻ ശ്രമിച്ച പാണ്ഡ്യയുടെ ഷോട്ട്, ലക്ഷ്യം തെറ്റി ഉയർന്നുപൊങ്ങുകയായിരുന്നു. പാണ്ഡ്യയ്ക്കരികിലെത്തി വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ രവി ബിഷ്ണോയിയെ താരം കെട്ടിപ്പിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഹാർദിക് പാണ്ഡ്യയെയും ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബറോഡ ടീം വിടുന്ന പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീം ക്യാംപിനൊപ്പം ചേരും. പാണ്ഡ്യയ്ക്കു തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഗുജറാത്തിനെതിരെ എട്ട് വിക്കറ്റ് വിജയമാണു ബറോഡ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ 14.1 ഓവറിൽ 73ന് ബറോഡ ഓൾഔട്ടാക്കി. 22 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

ബറോഡയ്ക്കായി രാജ് ലിംബാനി മൂന്നും ആദിത് സേത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു വിക്കറ്റുണ്ട്.മറുപടി ബാറ്റിങ്ങിൽ 6.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ബറോഡ വിജയത്തിലെത്തിയത്. പാണ്ഡ്യയും വിഷ്ണു സോളങ്കിയും (15 പന്തിൽ 27) പുറത്തായെങ്കിലും ശാശ്വത് റാവത്തും (30 റൺസ്) ജിതേഷ് ശര്‍മയും ചേർന്ന് ബറോഡയെ വിജയത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *