അഴലിന്റെ ആഴങ്ങളിൽ’ എന്ന ഗാനം ഭാവാർദ്രമായി ആലപിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ തന്നെ ഒരുക്കിയ സൂപ്പർഹിറ്റ് ഗാനം ആരാധകരുടെ ആവശ്യപ്രകാരം ആലപിക്കുകയായിരുന്നു.
ഈണമൊരുക്കിയ ആൾ തന്നെ പാടുന്നതു കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്.സുഹൃത്തും സംഗീത സംവിധായകനുമായ ജോൺസൺ മാഷിന്റെ ഓർമപരിപാടികളുടെ ധനശേഖരണാർഥം നടത്തിയ സൗഹൃദ സന്ദർശത്തിന് ഇടയിൽ അപ്രതീക്ഷിതമായാണ് അത്തരമൊരു സദസിന്റെ മുൻപിലെത്തിയതെന്ന് ഔസേപ്പച്ചൻ പറഞ്ഞു.
ബിസിനസുകാരനായ മനോജ് കുമാറിന്റെ സ്ഥാപനത്തിൽ എത്തിയപ്പോൾ അവിടെ ജോലി ചെയ്യുന്നവർക്കൊപ്പം അൽപസമയം ചെലവഴിക്കുകയായിരുന്നു.പാട്ടിനോട് ഏറെ താൽപര്യമുള്ള നാനൂറോളം പേരാണ് അവിടെ ഉണ്ടായിരുന്നതെന്ന് ഔസേപ്പച്ചൻ പറയുന്നു. അവരുടെ പാട്ടുകൾ കേൾക്കാനും അവരോട് സംസാരിക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം. ഞാൻ പറഞ്ഞതെല്ലാം സാകൂതം ശ്രദ്ധിക്കുന്ന ഗംഭീര സദസായിരുന്നു അത്. അവരുടെ ആവശ്യപ്രകാരമാണ് പാട്ടു പാടിയത്.
മനസ്സു നിറയുന്ന അനുഭവമായിരുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു.സരസമായി സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന ഔസേപ്പച്ചന്റെ വിഡിയോ ആരാധകശ്രദ്ധ നേടി. ‘
രോമാഞ്ചം’ എന്നാണ് ഔസേപ്പച്ചന്റെ വിഡിയോയ്ക്ക് ദീപക് ദേവ് കമന്റ് ചെയ്തത്. ഗായകൻ മധു ബാലകൃഷ്ണനും സ്നേഹം അറിയിച്ച് രംഗത്തെത്തി. ഔസേപ്പച്ചനായി ‘കാതോടു കാതോരം’ എന്ന ഗാനം കാണികളൊന്നാകെ ആലപിക്കുന്നതും വിഡിയോയിൽ കാണാം.
