നടി ആക്രമിപ്പെട്ട കേസിൽ പ്രതിചേർക്കപ്പെടുന്നതിന് മുമ്പായി ദിലീപ് നടത്തിയ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെയാണ് വിശദമായ അന്വേഷണം നടക്കണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെടുന്ന ദിലീപിൻ്റെ പ്രതികരണങ്ങൾ ചർച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘അമ്മ’ നടത്തിയ സംഗമത്തിലും പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദിലീപ് നടത്തിയ പ്രതികരണങ്ങളാണ് വീണ്ടും ചർച്ചയിലേയ്ക്ക് വരുന്നത്.
കേസിൽ ദിലീപ് അന്വേഷണപരിധിയിലേയ്ക്കും പ്രതിപട്ടികയിലേയ്ക്കും വരുമെന്ന് അ പ്രതീക്ഷിക്കാത്ത ഒരു ഘട്ടത്തിലായിരുന്നു ദിലീപിൻ്റെ ഈ പ്രതികരണങ്ങൾ.
സംഭവം നടന്നതിൻ്റെ തൊട്ടടുത്ത ദിവസം സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘അമ്മ’ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ സംഗമത്തിൽ വളരെ സ്വഭാവികമായിരുന്നു ദിലീപിൻ്റെ പ്രതികരണങ്ങൾ.
സഹപ്രവർത്തകയ്ക്കൊപ്പം എന്ന സന്ദേശം നൽകിയ ദിലീപ് സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നായിരുന്നു പ്രതികരിച്ചത്.
