കട്ടക്ക്: ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായെങ്കിലും സഞ്ജു സാംസണ്‍ മഹാനായ കളിക്കാരനാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിനുശേഷം പ്ലേയിംഗ് ഇലവനിലെത്താന്‍ സഞ്ജു സാംസണുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേഷ് ശര്‍മ.

തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ജിതേഷ് സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് കളികളിലും സഞ്ജുവിന് പകരം ജിതേഷായിരുന്നു പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിരിച്ചെത്തുകയും ഹാർദ്ദിക് പാണ്ഡ്യ മധ്യനിരയില്‍ മടങ്ങിയെത്തുകയും ചെയ്തതോടെയാണ് സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായത്.സഞ്ജു ഭായി എന്നോടൊപ്പം ഈ ടീമിലുള്ളതും അദ്ദേഹത്തിന് കീഴില്‍ എനിക്ക് കളിക്കാനാകുന്നതും വലിയ കാര്യമാണ്. സഞ്ജു എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. പ്ലേയിംഗ് ഇലവനിലെത്താന്‍ ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ട്.

അത് ഞങ്ങളുടെ രണ്ടുപേരുടയും പ്രകടനം മെച്ചപ്പെടുത്തുകയെയുള്ളു. ആരോഗ്യകരമായ മത്സരമുണ്ടാകുമ്പോഴാണ് പ്രകടന നിലവാരം ഉയരുന്നത്. അത് ടീമിന് ഗുണം ചെയ്യും. അല്ലാതെ സഞ്ജു എന്‍റെയോ ഞാന്‍ സഞ്ജുവിന്‍റെയോ എതിരാളിയല്ല. ഞങ്ങള്‍ രണ്ടുപേരും കളിക്കുന്നത് ഇന്ത്യക്കുവേണ്ടിയാണ്.പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുന്നതോ ടീം സെലക്ഷനോ ഒന്നും ഞങ്ങളുടെ ബന്ധത്തെ ബാധിക്കാറില്ല.

വിക്കറ്റ് കീപ്പിംഗിനെക്കുറിച്ചും ബാറ്റിംഗിനെക്കുറിച്ചുമെല്ലാം ഞങ്ങള്‍ പരസ്പരം ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈമാറാറുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഇന്ത്യക്കായി കളിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ മറ്റ് ടീമുകള്‍ക്ക് വേണ്ടിയല്ല. ബാറ്റ് ചെയ്യുമ്പോഴും കീപ്പ് ചെയ്യുമ്പോഴും സഞ്ജു തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും ജിതേഷ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ എട്ടാമനായി ക്രീസിലെത്തിയ ജിതേഷ് 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ടീമില്‍ സഞ്ജുവിന്‍റെ സാന്നിധ്യം എന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്നെ പ്രചോദിപ്പിക്കും. കാരണം, സഞ്ജു മുമ്പ് ചെയ്തിരുന്ന റോളിലാണ് ഞാനിപ്പോള്‍ കളിക്കുന്നത്.

ഇപ്പോള്‍ സഞ്ജു പുറത്തും ഞാന്‍ പ്ലേയിംഗ് ഇലവന് അകത്തുമാണ്. സഞ്ജു മഹാനായ കളിക്കാരനാണ്. അദ്ദേഹവുമായി തോളോട് തോള്‍ ചേര്‍ന്ന് മത്സരിക്കുമ്പോള്‍ എന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഗ്രൗണ്ടില്‍ കാഴ്ചവെക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *