ഐസിസി പുറത്തുവിട്ട ഏറ്റവും ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് തകര്‍പ്പന്‍ മുന്നേറ്റം. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലിയെ റാങ്കിങ്ങില്‍ തുണച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്‌ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്‌ലിയെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.ഇതോടെ 773 റേറ്റിങ് പോയിന്റുമായി രണ്ടാം റാങ്കിലേക്ക് കുതിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി.
ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. നിലവില്‍ 781 റേറ്റിങ് പോയിന്റുള്ള ഒന്നാം നമ്പര്‍ ബാറ്റര്‍ രോഹിത് ശര്‍മയേക്കാള്‍ എട്ട് പോയിന്റ് മാത്രം പിന്നിലാണ് വിരാട്.
